കാളികാവ്

#കാളികാവിൽ_നിന്നു_വന്ന_കാളവണ്ടിക്കാർ...

(കാളികാവിന്റെ ചരിത്രം).

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് കാളികാവ്.

പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമത്തിൽ പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.സഹ്യൻറെ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ, ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി. നെല്ലും കവുങ്ങും, തെങ്ങും, വാഴയും, ഇവിടെ യഥേഷ്ഠംകൃഷി ചെയ്യുന്നു.
സ്ഥലപ്പേരിൻറ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിൻറ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്.

ജൻമിത്തത്തിൻറയും നാടുവാഴിത്തതിൻറയും കാലഘട്ടത്തിൽ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറൻ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാൻമാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാർ. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാന്റേഷനോടെയാണ് കാളികാവിൻറ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിൻറ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു. വിദ്യഭ്യാസപരമായി സംസ്കാരികമായും കാളികാവ് ഉണർന്ന് തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂൾ പ്രവർത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു പെണ്ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്നപേരിൽ തപാൽ സമ്പ്രദായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാൻറിനടുത്താണ് തപാലാപ്പീസ് പ്രവർത്തിച്ച് വന്നത്. കാളികാവിൻറ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അർഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നു. പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു.

സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിൻറേത്. ചരിത്രം മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും വിശേഷിപ്പിക്കുന്ന 1921-ലെ സമരത്തിൻറെ ശേഷിപ്പുകൾ കാളികാവിൻറ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്.സമരത്തിൻറ പ്രധാന നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞ പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു. 1896-ലാണ് കാളികാവ് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്റ്റേഷൻ നേരെ ആക്രമണം നടത്തിയിരുന്നു. 1921-ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കാളികാവ്-ഗവ-ആശുപത്രികെട്ടിടത്തിൻറ പ്രവൃത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന ഈറ്റൺ എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു.

മലബാർ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കുഞ്ഞാലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂവുടമൾക്കെതിരെ ഒട്ടേറെ സമരങ്ങൾ നടന്നു. 1962-ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്തർക്കായിരുന്നു പഞ്ചായത്തിൻറ ഭരണ ചുമതല. 1964-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡൻറ്. കെ.ടി. അലവികുട്ടി വൈസ് പ്രസിഡൻറുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കാളികാവ് ബസ് സ്റ്റാൻറ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത് വഴിക്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രഥമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969-ൽ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)അപ്പുണ്ണി (1979-1984) എ.പി. വാപ്പുഹാജി(1988-1995)അന്നമ മ്ത്യൂ (1995-1997)കെ സീതാ ലക്ഷ്മി(1997-2000)കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി(2000-03) ടി. ഹസ്സൻ(2003-05) എം. മജീദ്‌ (2005-07) കുഞ്ഞാപ്പ ഹാജി (2007-2010) എ. ജമീല(2010) ,, N സൈതാലി ,നാസർ, നജീബ് എന്നിവർ യഥാക്രമം പഞ്ചായത്ത് പ്രസിഡൻറ് പദം അലങ്കരിച്ചു.

1921-ൽ സ്ഥാപിതമായ കാളികാവ് ഗവ-ആശുപത്രി മുമ്പ് മേഖലയിലെ പ്രധാന ചികിൽസാ കേന്ദ്രമായിരുന്നു. ഡോക്ടർ കേളു ആയിരുന്നു പ്രഥമ ഡോക്ടർ. 1970-ൽ കാളികാവ് ഗവ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായി സേവനം ആരംഭിച്ചു. മോയിൻകുട്ടി ഡോക്ടർ പി.എച്ച്.സിയിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ മുൻ കൈ എടുത്തു. 1984-മുതൽ കരുവാരക്കുണ്ട് റോഡിൽ ഒരു പ്രൈവെറ്റ് ആശുപത്രി ആരംഭിക്കുകയും ദൂര സ്ഥലങ്ങളിലേക്ക് വരെ നടന്ന് പോയി ചികിൽസ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിൻറ സ്റ്റെതസ്കോപ്പ് സ്പർശിക്കാത്ത ഒരാളും കാളികാവിൽ ഉ​ണ്ടായിരിക്കാൻ സാധ്യതയില്ല.

കാളികാവിൻറ ഗതകാല ചരിത്രം അന്വഷിക്കുമ്പോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയിൽ ഇന്ന ബസ്സ്റ്റാൻറ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം. നിലമ്പൂർ കോവിലകത്തേക്ക് പാട്ടകുടിയാൻമാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിഭവങ്ങൾ എത്തിക്കാനുപയോഗിച്ച ഇടുങ്ങിയ മൺപാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂർ റോഡ്. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു. കാർഷിക മേഖലയിൽ കാളികാവിന്റെ പരിവർത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ കുടിയേറ്റത്തോടെയാണ്. ഭൂ പരിഷ്കരണ നിയമത്തിൻറ മുന്നോടിയായി വ്യപകമായ ഭൂമി കൈമാറ്റ നടന്നതോടെയാണ് തിരുവിതാംകൂറിൽ നിന്നും കിഴക്കനേറനാടൻ മണ്ണിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. കാട്ടാനകളുടെ ചിന്നം വിളികളും നരിച്ചീറുകളുടെ ഭയാനകത ശ്രഷിഠിച്ച പശ്ചിമഘട്ടത്തിൻറ മലം ചെരിവുകളിൽ അവർ അദ്ധ്വനത്തിൻറ പുതിയ ഗാഥ രചിച്ചു. കരിങ്കല്ലിനെപോലും തോൽപ്പിക്കുന്ന നിശ്ചയ ദാർഢ്യത്തോടെ മണ്ണിനോട് മല്ലടിച്ച് കുടിയേറ്റ കർഷകർ കാളികാവിൻറ കാർഷിക ഭൂപടം മാറ്റി മറിച്ചു. കശുമാവും കമ്മ്യൂണിസ്റ്റപ്പയും പുല്ലും നിറഞ്ഞ കിഴക്കനേറനാടൻ മണ്ണിൽ റബ്ബറും ഏലവും ഇഞ്ചിയും ഗ്രാമ്പുവും കുരുമുളകും നട്ട് പിടിപ്പിച്ച് കാർഷിക മേഖലയാകെ സംമ്പുഷ്ടമാക്കി. ഇതോടെ നാട്ടുക്കാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിൻറ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽക്കടന്നതോടെ നാടിൻറ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി. പുൽകുടിലുകലും ചെമ്മൺ ചുമരിലുള്ള വീടുകളും നെൽ വയലുകളും മാഞ്ഞു. പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ പൌഡിയായി, കുഗ്രാമങ്ങളിൽ പോലും ഉയർന്ന് വന്നു. 1961-ൽ പുല്ലങ്ങോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുത വെളിച്ചം എത്തുന്നത്. ഇന്നലെയു‍ടെ ചരിത്രസ്മൃതികൾ നെഞ്ചേറ്റുബോഴും പുരോഗതിയുടെ പടവുകൾ കയറാനുള്ള വെമ്പലിലാണ് ഈ മലയോര ഗ്രാമം. ഇതോടൊപ്പംചില വേദനിക്കുന്ന ഓർമ്മകളും ഈ ഗ്രാമത്തിനുണ്ട്. കാളികാവിൻറെ പ്രധാന ഭക്ഷ്യ വിളയായിരുന്ന നെല്ല് മറ്റെവിടെയും എന്നപ്പോലെ നമ്മുടെ നാട്ടിൽ നിന്നും നാട് നീങ്ങി കഴിഞ്ഞു. വിശാലമായി പരന്ന് ക്കിടന്നിരുന്ന നെൽപ്പാടങ്ങളെല്ലാം മണ്ണിട്ട് നികത്തപ്പെട്ടു. പ്രദേശത്തിൻറ പ്രധാന ജല സ്രോതസ്സായ കാളികാവ് പുഴ മണലെടുപ്പും കയ്യേറ്റവും കാരണം അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അവികസിതത്വത്തിൻറ പോയക്കാലം ഓർമ്മയാക്കി കാളികാവ് മാറുകയാണ്. കാളവണ്ടിചക്രങ്ങളുടെ ചാലുകൾ തീർത്ത ചെമ്മൺ പാതകൾ ഓർമ്മയാക്കി കാളികാവിലെ ഉൾപ്രദേശങ്ങൾ പ്പോലും വികസനത്തിൻറ പാതയിലാണ്. നിലമ്പൂർ-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ കാളികാവിൻറ വികസനമേഖലയിലെ നാഴികക്കല്ലായി മാറുകയാണ്. വൈദ്യൂതിരംഗമായിരുന്നു എന്നും കാളികവിൻറ വികസനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഇലട്രിക്കൽ സെക്ഷൻ ഓഫീസ് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിച്ചു. നിർദ്ധിഷ്ട മുപ്പത്തി മൂന്ന്.കെ.വി. സബ്സ്റ്റോഷൻകൂടി യഥാർത്ഥ്യമാകുമ്പോൾ മേഖലയിലെ അവശേഷിക്കുന്ന പ്രതിസന്ധിക്കുകൂടി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കിഴക്കൻഏറനാടിലെ ചിറിപുഞ്ചി എന്ന് കരുവാരക്കുണ്ടിനൊപ്പം വിശേഷണം പങ്കിടുന്ന കാളികാവിലെ പല പ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിൻറ പിടിയിലാണ്.പതിനൊന്ന് വർഷം മുമ്പ് തുടങ്ങി ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അഞ്ച്കോടി രൂപയുടെ മധുമല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിലെ വെള്ള ക്ഷാമത്തിന് അറുതിയാവും. നാൽപതുകളിൽ ഒന്നോ രണ്ടോ ബസുകൾ മാത്രം മടങ്ങിപോയിരുന്ന ഒരു കവലയായിരുന്നു കാളികാവ് അങ്ങാടി. കാലമേറെ ചെന്നപ്പോൾ ഗതാഗത സൌകര്യവും യാത്രക്കാരും പെരുകിയതോടെ പ്രദേശത്ത് ഒരു ബസ് സ്റ്റാൻറ് സ്ഥാപിക്കണമെന്ന് ജനങ്ങളുടെ അവശ്യമായി ഉയർന്നു വന്നു. 2003-ൽ കാളികാവ് അങ്ങാടിയിൽ ബസ് സ്റ്റാൻറ് സ്ഥാപിക്കപ്പെട്ടു. ജംഗ്ഷനിൽ മറ്റൊരു ബസ് സ്റ്റാൻറ് കൂടി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും കാളികവ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം ഇപ്പോൾ കംമ്പ്യൂട്ടർ സാക്ഷരതയുടെ പുതുവഴിയിലാണ്. ചരിത്രസ്മൃതികൾ നിറഞ്ഞ് നിൽക്കുന്ന മലയോര മണ്ണ് ഇന്ന് പോയകാലത്തിൻറ അനുഭവപാഠങ്ങളിൽ നിന്നും പുതുയുഗത്തിലേക്ക് നടന്നുനീങ്ങുകയാണ്.

(By: whats'app)

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.