ചിത്രം വര (ചെറുശ്ശേരി ഉസ്താദ്)

 
ചിത്രം വരയുടെ ഇസ്ലാമിക വിധിയെക്കുറിച്ചുള്ള ചില സംശയനിവാരണങ്ങൾക്ക് വേണ്ടിയായിരുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ സമസ്ത് ഫത്‌വാ കമ്മറ്റിക്ക് കത്തയച്ചിരുന്നത്.

ചോദ്യം കാലിക പ്രസക്തവും ഒരു കത്തിനേക്കാൾ കൂടുതൽ വിശദീകരണമാവശ്യമുള്ള വിഷയമായത് കൊണ്ടുമാവാം മറുപടിയിൽ എന്നോട് ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ വീട്ടിൽ ചെന്ന് നേരിൽ കാണാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്..

ഒരു മഹാ പണ്ഡിതന്റെ മുന്നിൽ ഇത്തരം സങ്കീർണ്ണമായ വിഷയം എങ്ങനെ സംസാരിക്കുമെന്ന ഭയപ്പാടോടെയാണ് ഉസ്താദിന്റെ നാടായ കുണ്ടോട്ടിയിലേക്ക് ഞാനന്ന് വണ്ടി കയറിയത് .

കുണ്ടോട്ടി പഴയങ്ങാടിയിലെ ഇടുങ്ങിയ റോഡരികിലെ ആ വലിയ തറവാട്ടു വീട്ടിൽ രാവിലെത്തന്നെ ഞാനെത്തി.

തുറന്നിട്ട ഗൈറ്റിലൂടെ ചെന്ന് കോലായിലെ തൂണിലെ കോളിംഗ് ബെല്ലിലമർത്തിയപ്പോൾ ചെറു പുഞ്ചിരിയുമായ് കതക് തുറന്നെത്തിയത് ഉസ്താദ് തന്നെയായിരുന്നു.

9560 ൽ അധികം വരുന്ന മദ്രസ്സകളുടെയും ആയിരക്കണക്കിനു വരുന്ന പള്ളികളുടെയും നൂറു കണക്കിനു മഹല്ലുകളുടെയും അറബിക്‌ കോളെജുകളുടെയും നേതൃത്വം അലങ്കരിക്കുന്ന മഹാ പണ്ഡിതനു മുന്നിൽ ഞാൻ സൌമ്യനായി ഇരുന്നു.

കുണ്ടോട്ടി അങ്ങാടിയിലൂടെ യാതൊരു ഭാവ ഭേദങ്ങളുമില്ലാതെ മീനും വാങ്ങി നടന്നു വരുന്ന ആ ലാളിത്യത്തെക്കുറിച്ചും വല്ലപ്പോഴും വിടർത്തുന്ന ആ പുഞ്ചിരിയെക്കുറിച്ചും ഉപ്പ പറഞ്ഞു കേട്ടത് നേരിൽ ഞാൻ കാണുകയായിരുന്നു.

പാണ്ഡിത്യത്തിന്റെ ഗർവ്വോ പദവിയുടെ ഔദ്ധത്യമോ അശേഷം തൊട്ടു തീണ്ടാത്ത വിനയത്തോടെയുള്ള ആ പെരുമാറ്റം കണ്ടപ്പോൾ എന്റെ എല്ലാ ഭയവും മാറി സന്തോഷത്തോടെ ഞാൻ വിഷയമവതരിപ്പിച്ചു.

സാമൂഹിക മാറ്റങ്ങൾക്കും വിശിഷ്യാ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്കും ചിത്ര കല എന്ന മാധ്യമം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് എന്നോട് വളരെ വിശദമായിത്തന്നെ സംസാരിച്ചു.

പക്ഷെ പിരിയാൻ നേരം വളരെ ഗൌരവത്തോടെ എന്നോട് പറഞ്ഞ രണ്ട് വാക്കുകൾ ജീവിതത്തിൽ എന്നും ഹൃദയത്തോട് ചേർത്ത് വെക്കേണ്ടതാണ്.

"കഴിവുള്ളവർ ഇതിനോട് പുറം തിരിഞ്ഞു നിൽക്കേണ്ടതില്ലെന്നും എന്നാൽ സൂക്ഷ്മത പാലിക്കാൻ കഴിയാത്തവർ ഈ പണിക്ക് നിൽക്കരുതെന്നുമായിരുന്നു" അദ്ദേഹം പറഞ്ഞിരുന്നത്..

അറിവും സൂക്ഷ്മതയും സമ്മേളിക്കുന്ന സ്വാതികരായ മനുഷ്യരിൽ നിന്നും മാത്രം കേൾക്കാൻ കഴിയുന്ന മൊഴി മുത്തുകൾ..

പണ്ഡിത ലോകത്തെ നികത്താനാവാത്ത നഷ്ടം. 
പടച്ചവൻ സ്വർഗ്ഗ ലോകത്ത് ഏറ്റവും ഉന്നത പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ..

.......................................
അബ്ദുൽ കരീം കക്കോവ്.
Fb post.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.