ജുമുഅയില്ലാത്ത ദുഃഖവെള്ളി !!

ജുമുഅയില്ലാത്ത ദു:ഖവെള്ളി!

ഓർമ വെച്ച കാലം മുതൽ ഒരു ജുമുഅ പോലും നഷ്ടപ്പെടാത്ത വിശ്വാസികളിൽ പലരും, ആദ്യമായി ഒരു ജുമുഅ: നഷ്ടപ്പെടുന്നതിന്റെ വേദനയിലാണിപ്പോൾ. അപ്പേരിൽ മതത്തെട്രോളുന്നവരും നിരവധി. എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ, മക്ക - മദീന ഉൾപ്പെടെയുള്ള പ്രധാന പളളികളിൽ പോലും ജുമുഅ/ജമാഅത്തുകൾ മുടങ്ങിപ്പോയത് ചരിത്രത്തിലെമ്പാടും കാണാം. പകർച്ചവ്യാധികൾ, ജലപ്രളയങ്ങൾ, യുദ്ധ- കലാപ വേളകൾ... ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ.

മക്കക്കാരായ പ്രവാചകനും അനുയായികൾക്കും ജുമുഅ: നടത്താൻ സാധിക്കാതിരുന്ന കാലത്ത് അസ്അദ് ബിൻ സുസാറയുടെ നേതൃത്വത്തിൽ ജുമുഅ: തുടങ്ങിയിടത്തു നിന്നാണ് മുസ്ലിംകളുടെ വെള്ളിയാഴ്ച ആരംഭിക്കുന്നത് തന്നെ. അതിനു ശേഷം എത്രയോ തവണ ജുമുഅ: ജമാഅത്തുകൾ പല കാരണങ്ങളാൽ മുടങ്ങി. 

ഖലീഫ ഉമർ(റ)ന്റെ കാലത്ത് അംവാസിൽ പ്ലേഗ് ബാധ സമയം. ജനങ്ങളോട് കൂട്ടു ജീവിതം ഉപേക്ഷിച്ചു ഒറ്റപ്പെട്ടു മലമുകളിലും മറ്റും കഴിയാൻ അംറ് ബിൻ ആസ്(റ) നിർദേശിച്ചു. ഖലീഫ അത് അംഗീകരിച്ചു.

ഹിജ്റ 827 ൽ മക്കയിലുണ്ടായ പകർച്ചവ്യാധി കാരണം പലതവണ അവിടെ ജുമുഅ: ജമാഅത്തുകൾ മുടങ്ങിയതായി ചരിത്രകാരൻ ഇബ്നു ഹജർ.  

ഹിജ്റ 395 ൽ തുനീഷ്യയിലുണ്ടായ മഹാമാരിയിൽ കൈറുവാൻ നഗരത്തിലെ മസ്ജുകളടക്കം കുറേ കാലത്തിന് അടഞ്ഞു കിടന്നതായി മറാക്കിശി. 

ഹിജ്റ 448 സ്പെയിനിൽ ഉണ്ടായ പകർച്ചവ്യാധി കാരണം അന്നാട്ടിലെ പള്ളികൾ മുഴുവൻ അടഞ്ഞുകിടന്നതായി ദഹബി. 

449 ൽ മില്യൻ കണക്കിനു മനുഷ്യർ മരണത്തിനു കാരണമായി ഏഷ്യാമൈനറിൽ നടന്ന പകർച്ചവ്യാധിയിൽ അവിടെ പള്ളികൾ അടച്ചിട്ടതായി  ഇബ്നുൽ ജൗസി. 

ഹിജ്റ 647 ൽ ബഗ്ദാദിലുണ്ടായ പ്രളയത്തെ തുടർന്ന് ഇറാഖിലെ മൂന്നു പളളികളൊഴിച്ച് ബാക്കിയെല്ലായിടത്തും ജുമുഅ: ജമാഅത്തുകൾ മുടങ്ങുകയും പ്രധാനപ്പെട്ട പല പള്ളികളും തകരുകയും ചെയ്തതായി ഇബ്നു കസീർ. 

ഹിജ്റ 713 ൽ ലബനാനിലെ ബഅലബകിൽ ഉണ്ടായ പ്രളയത്തിൽ അവിടെത്തെ നിരവധി പള്ളികൾ തകരുകയും ജുമുഅ: ജമാഅത്തുകൾ മുടങ്ങുകയും ചെയ്തതായി സഫ്ദി. 

മക്കയിലുണ്ടായ പ്രളയത്തിൽ പലവട്ടം കഅബ കേടുവരികയും മഖാമു ഇബ്റാഹീം ഒലിച്ചുപോവുകയും ചെയ്തതായി അർ സഖീ.

ഹിജ്റ 63 ൽ യസീദിന്റെ തെമ്മാടി സൈന്യം മദീന അക്രമിച്ചു അവിടെ ചോരക്കളം തീർത്തപ്പോൾ ദിവസങ്ങളോളം മസ്ജിദുന്നബവിയിൽ ജമാഅത്ത് നിസ്കാരങ്ങൾ മുടങ്ങിയതായി ഖാളീഇയാള്. ആ സമയത്ത് ബാങ്ക് വിളിക്കാൻ പോലും ആളില്ലാതായപ്പോൾ പ്രവാചക ഖബറിടത്തിൽ നിന്ന് വാങ്കിന്റെ ഇളം നാദം ഉയർന്നതായി അനുഭവമെന്ന് സഈദ് ബിൻ മുസയ്യബ്. 

ഹിജ്റ 317 ലെ ഹജ്ജ് വേളയിൽ ഖർമത്വികൾ മക്ക അക്രമിച്ച സംഘർഷ ഘട്ടത്തിൽ, ആ വർഷം ഹജ്ജ് മുടങ്ങിയതായി ദഹബി. 

ഹിജ്റ 252 ൽ രക്തദാഹിയായ ഇസ്മാഈൽ അലവി മക്കയും മദീനയും അക്രമിച്ചു ഭരണാധികാരികളെ ആട്ടിപ്പായിച്ച കലാപ വേളയിൽ, ആ കൊല്ലത്തെ ഹജ്ജ് മുടങ്ങിയതായി ഇസ്വാമി. 

ഹിജ്റ 271 ൽ ശീഈ അലവികൾ വീണ്ടും ആക്രമണം നടത്തിയപ്പോൾ, മദീന പള്ളിയിലെ 4 ജുമുഅ: ഉൾപ്പടെ ഒരു മാസം നിസ്കാരം നിലച്ചതായി ഇബ്നു കസീർ....

ഇങ്ങനെ എത്രയോ പ്രതിസന്ധികളെ, പ്രയാസ പർവങ്ങളെ അതിജയിച്ചു വന്ന ജനതയാണ് നാം മുസ്‌ലിംകൾ. ഇവിടെ നിരാശപ്പെടുകയല്ല വേണ്ടത്. എന്തുവിലകൊടുത്തും ജുമുഅ: നടത്തുമെന്ന വാശിയും നല്ലതിനല്ല. അല്ലാഹു വിന്റെ പരീക്ഷണങ്ങളിൽ ക്ഷമയാണ് കരണീയം. പ്രാർഥനയാണ് പരിഹാരം. ഈ വെള്ളിയാഴ്ച നമുക്ക് ഓരോർത്തർക്കും ഒറ്റക്കിരുന്നു അവനോട് സങ്കടം പറയാം. 

(കടപ്പാട്
Anwar sadiq faizy tanur )

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.